വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്: ഇന്ന് തറക്കല്ലിടല്‍
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണോദ്ഘാടനം നടത്തും. കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കും. ഭാവിയില്‍ ഇരുനിലയാക്കാനാവുന്ന രീതിയിലാകും അടിത്തറ. ടൗണ്‍ഷിപ്പില്‍ ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ഉണ്ടാകും. പ്രവര്‍ത്തനം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടൗണ്‍ഷിപ്പിലേക്ക് എത്താന്‍ ആഗ്രഹിക്കാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. 2024 ജൂലൈ 30നാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായത്, 298 പേര്‍ ജീവന്‍ നഷ്ടപ്പെട്ട ദുരന്തം രാജ്യമാകെ നടുക്കിയിരുന്നു. നിയമതടസ്സങ്ങള്‍ മറികടന്ന് ഏഴ് മാസത്തിനുശേഷമാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.